Thursday, December 26, 2019

ഇല്ലമ്പള്ളി കഥകൾ - 2


ഇല്ലമ്പള്ളി കഥകൾ - 2 

( കോമളവല്ലിക്കൊരു പ്രേമലേഖനം : കുവൈറ്റ്‌ വേർഷൻ )

ജീവിതം യൗവനയുക്തവും പ്രേമസുരഭിലവുമായ് പോകുന്ന സമയം... പക്ഷെ മൊത്തത്തിൽ ഒരു മടുപ്പ് ഒരു ഉന്മേഷക്കുറവ്. അങ്ങനെയിരുന്നപ്പോലാണ് സുഹൃത്ത് ഗോവർദ്ധൻ ബൈക്കിൽ നിന്ന് തലകുത്തി വീണു കൈ ഒടിഞ്ഞു കോട്ടയം മെഡിക്കൽ കോളജിൽ കയറിക്കൂടിയത്. പിന്നെ തിരക്കായി ഓട്ടമായി ബ്ലഡ്‌ കൊടുപ്പ് & എടുപ്പ് ( മെഡിക്കൽ പഠിക്കുന്ന പെൺക്കുട്ടികളുടെ) , സർജറി ആകെ രസം.
അവസാനം അവനെ ഡിസ്ചാർജ് ആക്കി കൊണ്ടുവരുന്ന വഴി കുവൈറ്റിൽ നിന്നും അറബി മുതലാളി വിളിച്ചു..

"അസലാമു അലൈക്കും ജെ"
"ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ മുതലാളി"
"ഡാ നീ എവിടെയാണേലും 10 നിമിഷത്തിൽ സ്കൈപ്പിൽ ഓൺലൈൻ വരണം.. ഡയാന കെല്ലി നിന്നോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു .. കഴിഞ്ഞ തവണ കൊടുത്ത വർക്കിലെ കുറ്റം പറയാനാണ് തള്ളയുടെ ഉദ്ദേശം.. എല്ലാം നീ മൊത്തത്തിൽ മേടിച്ചു വെക്ക്... എന്നെ ചോദിച്ചാൽ, ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു പോയെന്നു പറഞ്ഞേക്ക്...
"അല്ല.. അത് ഞാൻ പിന്നെ.."
"അപ്പൊ ശരി ടാറ്റാ"... ദുഷ്ടൻ ഫോൺ വച്ചു..

വണ്ടി പാലാത്ര ബൈപാസ് എത്തിയപ്പോൾ കാൾ വന്നു.. പിന്നെ എന്നാ ചെയ്യാനാ നേരെ വെളിയിൽ ഇറങ്ങി ഫോൺ വണ്ടിയുടെ ബാക്കിൽ സ്ഥാപിച്ചു സ്കൈപ്പ് ഓൺ ആക്കി...
തള്ള ഫോണിലൂടെ ആപാദചൂടം ഒന്ന് നോക്കി.. കൂതറ കൈലിയും പുള്ളി ഷർട്ടും കണ്ടിട്ടാവണം മുഖം വക്രിച്ചു മൊഴിഞ്ഞു.
" മിസ്റ്റർ ജെ താങ്കൾ വസ്ത്രധാരണത്തിൽ കുറെക്കൂടെ ശ്രദ്ധാലുവും മാന്യനും ആയിരുന്നേൽ എത്ര നന്നായിരുന്നേനെ.!!"

"മാഡം നിങ്ങൾ ഈ ചുവന്ന വസ്ത്രത്തിൽ വളരെ സെക്സി ആയിരിക്കുന്നു" ഞാൻ പ്രതിവചിച്ചു..
തള്ളയുടെ വാ പൊളിഞ്ഞു എനിക്ക് 5 പോയിന്റ് തള്ളക്ക് പൂജ്യം..‌...
പിന്നീട് നടന്ന ആംഗലേയ പ്രസംഗത്തിൽ ഫൈനൽ സബ്മിഷന് മുമ്പ് ഞാൻ തന്നെ ചെന്ന് ചാടിപ്പോയ ഭൂതത്തിനെ പിടിച്ചു കുപ്പിയിൽ ആക്കിത്തരാം എന്ന ഉറപ്പിൽ തള്ള ഫോൺ വച്ചു ..

ഞാൻ അപ്പൊ തന്നെ അറബിയെ വിളിച്ചു..
"എന്റെ അരി താൻ മുട്ടിക്കുമോ?? തള്ള പറയുന്നത് അങ്ങ് വരാൻ ആണ്.."

അദ്ദേഹം പറഞ്ഞു " നിനക്ക് ബിരിയാണി കിട്ടുന്ന കോള് ഒപ്പിക്കാം ഈ വഴി വാ.. ഇവിടെ ഇരുന്നു പണി തീർത്തു കൊടുക്ക്‌ .. ഞാൻ ടിക്കറ്റ്‌ അയച്ചിട്ടുണ്ട് കേറിപ്പോരെ "

"അങ്ങനെ ആവട്ടെ .."

ഞാൻ നേരെ വീട്ടിൽ ചെന്ന് ഒരു സഞ്ചിയിൽ 2 ഡ്രെസ്സ് എടുത്ത് പയ്യെ കെട്ടി.. എന്താണാവോ എന്ന് ചോദിച്ച മാതാശ്രീയോട്
പാലക്കാട് കുറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഒരു അമ്പലത്തിലെ ഉത്സവം നടത്താനുണ്ട് എന്ന് പറഞ്ഞു ഒഴിഞ്ഞു..

ശകടം കൊച്ചിവരെ പോകുമോ എന്നാ സന്ദേഹം ഉള്ളതിനാൽ പ്രിയ കൂട്ടുകാർ എന്നെ കൊണ്ടുവിടാൻ വന്നു...
പോണ പോക്കിൽ ഒന്ന് മയങ്ങിയ ഞാൻ എണീക്കുന്നത്, " ഇടത്തോട്ടാണ് അല്ല വലത്തോട്ടാണ് എന്നൊക്കെ പറഞ്ഞു ബെറ്റു വച്ച് കളിക്കുന്ന ലവന്മാരുടെ നടുക്കാണ്..
പിന്നെ ഒരുവിധം മാപ്പ് ഒക്കെ നോക്കി വണ്ടി ബീമാനതാവളത്തിൽ എത്തി...
അവന്മാര് ടാറ്റ പറഞ്ഞു പോയപ്പോൾ ഒരു സങ്കടം... എന്നെ വഹിച്ചു കൊണ്ട് വിമാനം ഉയർന്നു ....

കുവൈറ്റിൽ ചെന്നിറങ്ങി ആദ്യം കണ്ട ഓട്ടോ പിടിച്ചു അറബി മൊതലാളിയുടെ വീട്ടിലെത്തി..
ഊഷ്മളമായ സ്വീകരണത്തിന് ശേഷം ഒരു കെട്ടു കടലാസ് എടുത്തു കൈയിൽ വച്ചിട്ട് അദ്ദേഹം പറഞ്ഞു..
" ഞാൻ ഇപ്പൊ തന്നെ നാട് വിടും.. ഗ്രീസിൽ ചെന്നിട്ടു എന്തോ ഒരു അത്യാവശ്യം ഉണ്ട്. നീ ഇതു പരുവം പോലെ ഇന്നു വൈകീട്ടോ നാളെ രാവിലെയോ തീർത്താൽ മതി.."
"അല്ല മുതലാളി ഞാൻ ആ വിളക്ക് കൊണ്ടുവന്നില്ല" ഞാൻ വിനയാന്വിതനായി.
"വിളക്കോ..?? യു മീൻ ആ ഭൂതത്തിന്റെ അത്ഭുത വിളക്കോ..??
"അത് തന്നെ.."
" ഹഹഹഹഹ... ശരി നീ പറ സമയം"
"ഒരു 2 ആഴ്ച്ച"
"ശരി നിന്റെ ആഗ്രഹം പോലെ... തീറ്റകുടികിടപ്പ് ഒക്കെ ഇവിടെ ആകാം.. മുറുക്കാൻ മേടിക്കാൻ കവലയിൽ വല്ലോം പോകാൻ വണ്ടി എടുക്കാം..ഇതാ കീ.. അപ്പൊ പറഞ്ഞ പോലെ..." ഇതും പറഞ്ഞു പുകച്ചുരുളുകൾക്കിടയിൽ അദ്ദേഹം അപ്രത്യക്ഷനായി...

പണി വിചാരിച്ചതിലും പെട്ടെന്ന് കഴിഞ്ഞു.. മുതലാളിക്ക് മെസ്സേജ് അയച്ചു...
"പണി എല്ലാം കഴിഞ്ഞു തംബ്രാ... ഉള്ള ചില്ലറ തന്നു എന്നെ ഒഴിവാക്കുക.. നന്ദി ഫോർ ദി ലോഡ്ജിംഗ് "
" ഭേഷ് ജെ..!!! അത് അമേരിക്കയിൽ പോയി റിവ്യൂ വരുന്നവരെയുള്ള ചെറിയ കാലയളവ്‌ നീ കുവൈറ്റിൽ നിന്ന് തടി നന്നാക്കുക.. നിന്റെ സന്തോഷത്തിനു ഒരു കുപ്പി ചുവന്ന ജോണി അലമാരയുടെ അടിയിൽ വച്ചിട്ടുണ്ട്.. ശീലം ഇല്ലെങ്കിൽ കൂട്ടുകാർക്ക് കൊടുത്തോ.. വണക്കം.."
"വണക്കം"
കുപ്പിയും എടുത്തു ഞാൻ ചിന്തിച്ചു... ആർക്കു കൊടുക്കണം..
മനസ്സില് വന്നത് പൂവേലിചേട്ടായി തന്നെ... വന്ന ദിവസം തന്നെ വിളിച്ചു കാര്യം അന്വേഷിച്ച അദ്ധേഹത്തെ മറക്കാൻ പാടില്ല..
കുപ്പി ഒരു പത്രകടലാസ്സിൽ പൊതിഞ്ഞു വണ്ടിയിൽ ഇട്ടു ഞാൻ അബ്ബാസിയ ലക്ഷ്യമാക്കി യാത്ര തുടങ്ങി...
ഹൈവയിൽ കേറിയപ്പോൾ ദാ പോണു പുള്ളിടെ വണ്ടി.. പാട്ടൊക്കെ ഇട്ടു അലസമായി ഡ്രൈവ് ചെയ്യുന്നു..
വിമാനം പറപ്പിച്ച് ക്ഷീണിച്ചു വരുവാ.. ഒരു സർപ്രൈസ് കൊടുക്കാം.. എന്റെ കണ്ണുകൾ തിളങ്ങി...
പുള്ളിയുടെ വണ്ടിയുമായി ഒരു നിശ്ചിത അകലം വിട്ടു ഓടിച്ചു വന്നിരുന്ന ഞാൻ ഞെട്ടിയത്, അബ്ബാസിയ തെരുവുകളിലൂടെ അദ്ദേഹം ഒരു വരാലിനെ പോലെ വണ്ടിയുമായി പുളഞ്ഞു പോയപ്പോളാണ്....
ഫ്ലാറ്റിനു താഴെ വണ്ടി ഇട്ടു ലിഫ്റ്റ്‌ ലക്ഷ്യമാക്കി നടന്നിരുന്ന അദ്ധേഹത്തെ ചെന്ന് ബ്ലോക്ക്‌ ചെയ്ത് ഞാൻ ചോദിച്ചു..
"ഓർമ ഉണ്ടോ ഈ മോന്ത"
"ഹായ് ബ്രോ" പുള്ളിയുടെ മുഖത്ത് അത്ഭുതം..
ഞാൻ ഞെട്ടി ചുറ്റിനും നോക്കി.. എന്നെ തന്നാ വിളിച്ചത്. പിന്നെ ആലോചിച്ചു, സി ജെ നടത്തിയ ഇഫ്താർ വിരുന്നിൽ വച്ച് കണ്ടപ്പോൾ "അങ്കിളേ" എന്ന് വിളിച്ചതിന് എന്നെ മാറ്റി നിർത്തി കൂമ്പിനു ഇടിച്ച കൈയാ... ഞാനും പറഞ്ഞു "ബ്രൊ".

മന്ത്രം ചൊല്ലി ഡോർ തുറന്നതിനു ശേഷം എന്നോട് ഇരിക്കാൻ പറഞ്ഞു അദ്ദേഹം എന്റെ എതിർ വശത്തായി ഉപവിഷ്ടനായി..
" ധക്ഷിണ വല്ലോം കൊണ്ട് വന്നിട്ടുണ്ടോ?? "
" വീര്യം കൂടിയ ദ്രാവകം ഉണ്ടേ.." ഞാൻ പേപ്പറിൽ പൊതിഞ്ഞ കുപ്പി കാട്ടി..
ഒരു പിഞ്ചു എലി പുന്നെല്ലു കണ്ട പോലെ ചിരിച്ചുകൊണ്ട് പുള്ളി ചോദിച്ചു " നിറം ഉള്ളതാണോ? "
ഞാൻ പൊതിയഴിച്ചു കുപ്പി കാട്ടി... ആ മുഖത്ത് ഒരു കാർമൂടിയോ.
" വിസ്കിയാണല്ലേ ? "
" എന്റെ കാർന്നോനെ നിങ്ങൾ ഈ കുതിര കഴിക്കുന്നത് അല്ലാതെ മനുഷ്യന്മാർ കഴിക്കുന്നത് വല്ലോം കുടി"

ഒരു മന്ദഹാസത്തോടെ പുള്ളി പറഞ്ഞു " മോനെ ജസ്റ്റിനെ, നല്ല കട്ട റം മാട്ടി കിടന്നുറങ്ങി പതിരാത്രിയാകുമ്പോൾ തൊണ്ട വരണ്ടു നമ്മൾ എണീക്കും... അപ്പോൾ 2 തുള്ളി വെള്ളം കുടിക്കുന്ന സുഖം ഒന്നും ഈ വിസ്കി അടിച്ചാൽ കിട്ടൂല്ല.."

ആ പ്രൊഫഷണലിന്റെ വാക്കുകൾ കേട്ട് എനിക്ക് കോരിത്തരിച്ചു...
വീര്യവ്യതിയാനം സംഭവിക്കാതിരിക്കാനാവണം, നേർപ്പിക്കാതെ 6 ജോണി അകത്താക്കി പുള്ളി തത്വചിന്ത പറഞ്ഞു..
ഒരു മണിക്കൂർ ആയിക്കാണില്ല പുള്ളി താഴെ ബക്കാല വരെ പോകാം എന്ന് പറഞ്ഞു എണീറ്റു..
" അല്ല ചേട്ടായി.. ഈ അവസ്ഥയിൽ താഴെ പോയി പോലീസ് വല്ലോം കണ്ടാൽ മോശമല്ലേ.?"
" പോലീസോ ഹഹഹഹ..." അദ്ദേഹം അട്ടഹസിച്ചു "പോവാൻ പറ കോമളവല്ലി "
" അല്ല ചേട്ടാ 'കല്ലി വല്ലി' എന്നല്ലേ പറയുന്നേ.?"
" അതെ.. ഞാൻ അതിനെന്നാ പറഞ്ഞെ.?"
" കോമളവല്ലി "
" എന്ത് "
" കോമളവല്ലി"
" ഒഹ്ഹ് " നെറ്റിയിൽ കൈ താങ്ങി പുള്ളി കസേരയിൽ ഇരുന്നു....
" എന്ത് പറ്റി ചേട്ടാ.. അച്ചാറോ സോഡയോ വേണോ.."
" അതൊന്നുമല്ലടാ വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്ന് അവളെ ഓർത്തു പോയി.."
" ആരേയാ ചേട്ടാ "
" കോമളവല്ലി "
" അതാരാ..??"
" കോമളവല്ലി... കോളേജിലെ സൌന്ദര്യറാണി,കലാതിലകം....അവളും അതെ കോളേജിലെ പഞ്ചഗുസ്തി ചാമ്പ്യനും ബുള്ളറ്റിൽ വരുന്ന ഒരേ ഒരു കുമരനുമായ ഞാനും തമ്മിലുള്ള അനശ്വര പ്രേമകഥ കോളേജിലെ കരിങ്കൽ കെട്ടുകളിൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്.."
"എന്നിട്ട് .?"
" എനിട്ടെന്നാ.. ഒരു ഉഗ്രൻ പണി കിട്ടി.. ആ പണിയിൽ തട്ടി ആ പ്രേമയാനം എന്നെന്നേക്കുമായി മുങ്ങി."

ഞാനൊന്നു ഞെട്ടി..! എന്നിട്ടു 'ബാഹുബലി'യിൽ നായകൻ, കട്ടപ്പയോട്‌ ചോദിക്കുന്നപോലെ ചോദിച്ചു.

" ആയുധങ്ങൾക്ക് തൊടാനാവാത്ത, ശത്രുക്കൾക്ക് അടുക്കാനാവാത്ത ചേട്ടനിട്ട് പണി കിട്ടിയെന്നോ..?"
" ഏതൊരു യുദ്ധവീരനും തോറ്റുപോകുന്ന ഒരു ആയുധം ഉണ്ട്.. 'ചതി'.. അതെ എന്നെ അന്ന് ചതിക്കുകയായിരുന്നു.."
" ആരാ ചേട്ടായി അത് ..?"
അദ്ദേഹം ഗ്ലാസ്‌ എടുത്തു ബാൽക്കണിയിൽ ചെന്ന് നിന്ന് കുവൈറ്റ്‌ ആകെ ഒന്ന് നോക്കി.. എന്നിട്ട് സ്ലോമോഷനിൽ തിരിഞ്ഞ് നിന്ന് പറഞ്ഞു..

" ആ ചതിയൻ... അത് ഞാൻ തന്നെയാണ്..."

......ഹെവി ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌.......
പകച്ചു നിൽക്കുന്ന എന്നെ കടന്നു ഒരു വടക്കൻ കാറ്റു തെക്ക് നിന്ന് അടിച്ചു....

തുടരും..

No comments:

Post a Comment