Wednesday, December 25, 2019

ഇല്ലംമ്പള്ളി കഥകൾ - 1

ഇല്ലംമ്പള്ളി കഥകൾ - 1

 



ഒരു തരത്തിലും കണ്ണ് തുറക്കില്ല എന്ന് വിചാരിച്ചെങ്കിലും രാവിലെ തന്നെ എണീറ്റ്‌ നടയ്ക്കൽ സ്വയം പ്രതിഷ്ടിച്ചു..!!! മൂടിക്കെട്ടിയ ആകാശം.. പതിവ് സൈക്കിൽ യജ്ഞത്തിനും മൂഡില്ല.. പ്രഭാത ഭക്ഷണം വരെ സമയം കളയാൻ പ്രശ്നം വച്ചു നോക്കിയപ്പോൾ പഴയ ഏതോ ഒരു ആരോഗ്യ മാസിക കൈയിൽ കിണഞ്ഞു.! മതി ഇതു മതി.. മുഖചിത്രത്തിനു താഴെ തന്നെ കൊടുത്തിരിക്കുന്ന തലക്കെട്ടിൽ കണ്ണുടക്കി " ഹൃദ്രോഗം ചെറുപ്പക്കാരിൽ ' ഹഹഹഹ..!! കൊള്ളാലോ..
വായിച്ചു തുടങ്ങിയപ്പോൾ ചിരി മാഞ്ഞു. സംഗതി ഗുരുതരം ആകുന്നു. ബീഫ് പോർക്ക്‌ മുട്ട മട്ടൻ പോട്ടി തുടങ്ങി ചോറ് വരെ കുഴപ്പക്കാരാണ്.. ബീഫിനു വേണ്ടി മാത്രം കാത്തിരുന്ന ഞായറാഴ്ചകളെ ഓർത്തു, കോഴിയുടെ എല്ല് പോലും മിച്ചം വെക്കാത്ത നാളുകൾ.. ഓ മൈ ഗോഡ്..!! ഞാൻ ഒരു ഹൃദ്രോഗി ആണ്.. ആഹ് കണ്ണിൽ ഇരുട്ടു കയറുന്ന പോലെ.... മാതാശ്രീയുടെ ആക്രോശം ആണ് എന്നെ ഉണർത്തിയത് " പോയി പല്ല് തേക്കഡാ.. പുട്ടും മുട്ട റോസ്റ്റും എടുക്കാം" ദൈവമെ..!! മുട്ട.! എന്റെ ഹാർട്ട്‌..!! ഇല്ല ഇവിടെ നിന്നും രക്ഷപ്പെടണം..
അമ്മയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി "അമ്മെ പൊറുക്കുക ഈ നഷ്ട്ട ജന്മത്തിൻ ക്ഷണികമാം ... " എന്ന കവിത ചൊല്ലി ഒരു ബാഗിൽ മാസിക ഇട്ടുകൊണ്ട്‌ പയ്യെ പുറത്തിറങ്ങി..
വണ്ടിയിൽ കയറിക്കൂടി പയ്യെ സ്റ്റാർട്ട്‌ ചെയ്തു.. ഒരു നാണം .വണ്ടിക്ക് ..! എഹ് . ഇന്നലെയും കൂടെ ഒരു 150 രൂപക്ക് ഡീസൽ അടിച്ചതാണല്ലോ .. 3 ദിവസം ഓടാൻ ഉള്ളതുണ്ട്.. അപ്പൊ അതല്ല .. പുറത്തിറങ്ങി നോക്കി ഒരു ടയർ വെടി തീർന്നു കിടപ്പാ ..പോട്ടെ പുല്ല് .. ഏതായാലും കൊളസ്ട്രോൾ വന്നു ചാകും .. എന്നാ കുറച്ചു നടക്കാം.. വട്ടപ്പള്ളി ആയപ്പോൾ ആളുകൾ ഒരു വശപ്പെശകിൽ നോക്കുന്നു.. നൈസ് ആയി മരുന്ന് കടയുടെ ചില്ലിൽ നോക്കി .. ഒരു രൂപം ചുവന്ന മുണ്ടും കറുത്ത ഷർട്ടും കേറ്റി തോളത്തു ഒരു നീല സഞ്ചിയും ഇട്ടു കണ്ണാടിയും വച്ച് എന്നെ നോക്കുന്നു ... ആളുകളെ കുറ്റം പറയാൻ ഒക്കില്ല .. റിട്ടേൺ വന്ന ഒരു ബി എം ഡബ്ലിയു കൈ കാട്ടി നിർത്തി സ്റ്റേഡിയത്തിലേക്ക് വിട്ടു... സ്വസ്ഥം ആയിരുന്നു മാസിക വായിച്ചു മനസിലാക്കാമല്ലോ ... പേജുകൾ മറിച്ചു .അടുത്ത പേജ് പച്ചക്കറിയെക്കുറിച്ചാണ്.. സമാധാനം.. അതേലും തിന്നു ജീവിക്കാലോ .. അതും രക്ഷ ഇല്ല .. മുഴുവൻ വിഷം തളിക്കുകയാണത്രേ... തക്കാളി ഒക്കെ വിഷത്തിൽ മുക്കി എടുക്കുവാ .. ഇതല്ലേ ആ പൂവേലി ചേട്ടൻ അരച്ച് മുഖത്ത് തേക്കാൻ ടിപ് പറഞ്ഞു തന്നത്..!!!
ദുഷ്ടൻ..! അടുത്ത തവണ കുവൈറ്റിൽ പോകുമ്പോൾ അബ്ബാസിയയിൽ ചെന്ന് അങ്ങേരുടെ ഫ്ലാറ്റ് കണ്ടുപിടിച്ചു ബോംബ്‌ ഇട്ടു നശിപ്പിച്ചു അവിടെ കുളവാഴ കൃഷി തുടങ്ങണം എന്ന് മൊബൈലിൽ റീമൈൻഡർ ഇട്ടു...
പേജുകൾ മറിയുന്നതിനൊപ്പം സമാധാനം കുറഞ്ഞുകൊണ്ടും ഇരുന്നു.. അടുത്ത പേജു വ്യായാമ പ്രശ്നങ്ങൾ ആണ്.. മതുമൂല ജിമ്മിൽ ചിതറിയിട്ട ഡംബെല്ലുകളുടെ നടുക്ക് വെട്ടി വിയർത്തിരിക്കുന്ന ഡോക്ടറെ ഓർത്തപ്പോൾ കണ്ണിൽ നിന്നും 2 തുള്ളി വെള്ളം ഭൂമിയിൽ പതിച്ചു..! കൂടുതൽ വായിക്കാൻ ശേഷിയില്ലാതെ ഞാൻ ആസ്ത്രപ്രജ്ഞനായ് നിന്നു...
കുടിവെള്ളം മുതൽ വായു വരെ മലിനമായ ഈ ലോകത്ത് കൊളസ്ട്രോളും കൊണ്ട് ജീവിചിരിക്കുന്നതിലെ അർത്ഥ ശൂന്യത എന്നെ ഇരുത്തി ചിന്തിപ്പിച്ചു... ഇനിയും വായിച്ചാൽ എന്റെ അടക്ക് ഇന്ന് തന്നെ വേണ്ടിവരും എന്ന് ബോധ്യപ്പെട്ടതിനാൽ ഞാൻ അവിടെ നിന്ന് നിഷ്കര്ഷിച്ചു. സ്റ്റേഡിയത്തിനു മുന്നിൽ തന്നെ ഒരു ലാബ്‌ ഉണ്ട്. അവിടെ ചെന്ന് ഒരു രക്ത പരിശോധനയാവാം എന്ന് കരുതി അങ്ങോട്ട്‌ ചെന്നു.. പണ്ട് സ്കൂളിൽ പടിപ്പിച്ച ഒരു "മഹാൻ " അവിടെ വാതിൽക്കൽ നിക്കുന്നു.. പണ്ട് പത്തിലെ സർട്ടിഫിക്കറ്റിൽ പണി തന്ന മഹാനാ.. പഴമ്പൊരിയിൽ റബ്ബർബാൻഡ് ഇട്ട അതേ കോലം..!! ആചാരം അനുസരിച്ച് ഒന്ന് ബഹുമാനിക്കണമല്ലോ..! ചുറ്റും നോക്കി ഒന്നും കണ്ടില്ല.. അവസാനം മുണ്ട് മടക്കിക്കുത്ത് അഴിച്ചു ഒരു 8 ഇഞ്ച്‌ കേറ്റിക്കുത്തി തുട ചൊറിഞ്ഞു കാട്ടി.. ആഹ.. ഒരു സമാധാനം... ഇനി രക്തപരിശോധനക്കുള്ള മൂഡ്‌ ഇല്ല..
മുനിസിപാലിറ്റി ഭാഗത്തേക്ക്‌ നടന്നു.. സമയം സന്ധ്യയായി വരുന്നു.. അതോ മഴ മൂടി നിക്കുവാണോ.. മനസ്സ് ഉറയ്ക്കുന്നില്ല.. വഴിയിൽ ടെലിഫോൺ അധികൃതർ എടുത്ത കുഴിയുടെ അടുത്ത് നിന്നു ഒരു ചേട്ടൻ പാമ്പ് ഡാൻസ് കളിക്കുന്നു.. പാവം.. ഞാൻ ചെന്ന് അയാളെ പിടിച്ചു ഒരു 2 അടി മാറ്റി സേഫ് ആയി നിർത്തി ... അപ്പോളാണ് തലേന്ന് കുങ്ങ്ഫു ക്ലാസ്സിൽ മാഷ് പറഞ്ഞത് ഓർമ്മ വന്നത്.. "പഠിപ്പിച്ചു തരുന്നത് സമയം കിട്ടുമ്പോൾ ഒക്കെ പ്രാക്ടീസ് ചെയ്യണം"
ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചു പോകണ്ട പാപം ആണു... പാടില്ല..!! ആ ചേട്ടനെ നോക്കി ഉന്നം പിടിച്ച് ഒരു "ഫ്രെണ്ട് ബ്ലോക്ക്‌ ആൻഡ്‌ ബാക്ക് അറ്റാക്ക്‌ " 180 ഡിഗ്രിയിൽ കറങ്ങി നോക്കുമ്പോൾ അയാൾ അതാ കുഴിയിൽ.. ഒരു പിടി പച്ചമണ്ണ് വാരി കുഴിയിൽ ഇട്ടു മോഹൻലാൽ പറഞ്ഞ ഹിന്ദി ഡയലോഗ് പറഞ്ഞു കൊണ്ട് നിക്കുമ്പോലാണ് ആ പാട്ട് കേള്ക്കുന്നത്....
"തിരിച്ചെത്തുമോ വത്സാ .. നാം കൊതിച്ചീടുമാ സൽസ .! കൊടും വേനലിൽ ഇളം മാരി പോൽ "........
ഒരു അപ്പച്ചൻ പാടിയാടി വരുന്നു ... ശുഭ്ര വസ്ത്രം..മൊത്തത്തിൽ ഒരു ഡിസിപ്ലിൻ ഉണ്ട് നടത്തത്തിൽ .. കടപ്പുറത്തുകൂടെ ഞണ്ട് വരുന്ന പോലെ..! പുള്ളിയെ പണ്ട് സി ജെ നടത്തിയ "ജനകീയ യാത്ര"ക്ക് പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചു നിൽക്കെ അദ്ദേഹം എന്നെ കടന്നു പോയി....
മരണത്തിലേക്ക് അധികം ദൂരമില്ല എന്ന് അറിയാതെ തലങ്ങും വിലങ്ങും നടക്കുന്ന ചങ്ങനാശ്ശേരിക്കാരുടെ ഇടയിലൂടെ ഞാൻ ആ അവദൂധൻ വന്ന ഭാഗം ലക്ഷ്യമാക്കി നടന്നു... "ആനന്ദ് " എന്ന് എഴുതിയ ബോർഡിന് താഴെക്കൂടെ നടന്നു ഒരു അരണ്ട വെളിച്ചം ഉള്ള മുറിയിലാണ് എത്തിയത്... കൌണ്ടറിൽ നിന്ന ചേട്ടന്റെ ചോധ്യഭാവത്തോടെ ഉള്ള നോട്ടത്തിന് മറുപടിയായി ഞാൻ കൂട്ടിൽ ഇരുന്ന നീലപൊന്മാനെ കാട്ടികൊടുത്തു.. ക്ഷണ നേരത്തിൽ അദ്ദേഹം മരവിച്ച 2 കിളികളെ മുന്നില് എത്തിച്ചു.. കൂടെ പച്ച പട്ടാണിയും.. അവൻസിനെ ഒരു വിധത്തിൽ അകത്താക്കി പുറത്തു കടന്നു.. ആകെ ഒരു കുളിർമ്മ... പോസ്റ്റുകളിൽ രജനി പുഷ്പങ്ങൾ കണ്ണ് തുറന്നിരിക്കുന്നു... എന്റെ കാലുകൾ നഷ്ട്ടപെട്ടു പകരം ചിറകുകൾ മുളച്ചിരിക്കുന്നു... ആഹ.. ഏതോ പ്രേരണയിലെന്നവണ്ണം ഞാൻ എങ്ങോട്ടാണ് പറക്കുന്നത്..?? കെട്ടിടങ്ങൾ കടന്നു ഞാൻ ഒരു കോണിപ്പടിച്ചുവട്ടിൽ എത്തിയിരിക്കുന്നു..!!
ബോര്ഡു വായിച്ചു "എലൈറ്റ്" കൊള്ളാം ...
പൂ പോലെയുള്ള പൊറോട്ടയും ബീഫും മുന്നിൽ നിരന്നു.. വയറു നിറയെ അടിച്ചു... മുന്നിൽ നിന്നും വണ്ടി പിടിച്ചു വീട്ടിൽ എത്തി.. വസനങ്ങൾ ഉപേക്ഷിച്ചു കൊതുകുവല കൊണ്ടുമൂടിയ എന്റെ സുരക്ഷിത സ്ഥാനത്തു കിടന്നു കണ്ണടക്കുമ്പോൾ പുറത്തു പേമാരി തകർക്കുകയായിരുന്നു....

വീണ്ടും പ്രഭാതം....
പുറത്തു അതിമനോഹരമായ വെയിൽ... പഞ്ചെന്ദ്രിയങ്ങളിൽ പുതിയ ഒരു ഉണർവ്...
കാൽ എന്തിലോ തട്ടി വീണ്ടും പുതിയ "ആരോഗ്യ മാസിക"...
എടുത്തു 4 കഷണമാക്കി എറിഞ്ഞു സൈക്കിൾ എടുത്തു ഞാൻ പുറത്തേക്കു ചവിട്ടി...
ശുഭം...
3 മാസങ്ങൾക്ക് ശേഷം കുവൈറ്റിലെ ഒരു മഞ്ഞുകാലം:
എയർപോർട്ടിൽ നിന്നും കുറെ വിമാനം തിരിച്ചു വിട്ട ക്ഷീണത്തിൽ വണ്ടിയിൽ "ചന്ദനലേപ സുഗന്ധം പൂശിയതാരോ കാറ്റോ..." എന്ന പാട്ടും കേട്ട് അബ്ബസ്സിയായിലേക്ക് പോകുകയായിരുന്ന യൗവനയുക്തനായ മദ്യ'വയസ്ക്കൻ തന്റെ പിന്നിലൂടെ അതിവേഗം കുതിച്ചു വരുന്ന 2001 മോഡൽ ലാൻഡ്‌ക്രൂസർ ഓടിച്ചിരുന്ന ആളുടെ കണ്ണുകൾ വൈരപ്പൊടി വീണപോലെ തിളങ്ങുന്നത് റിയർവ്യൂ മിററിലൂടെ കാണുകയുണ്ടായില്ല...

തുടരും ...

No comments:

Post a Comment