Thursday, December 26, 2019

ഒരു നീണ്ട അനുഭവ കഥ.

ഒരു നീണ്ട അനുഭവ കഥ.


ജനീവ മോട്ടോർ ഷോയിൽ ഞാൻ പങ്കെടുത്ത ഫോട്ടോസ് ഒരു സ്വിസ് പത്രത്തിലടിച്ചുവന്നത് നോക്കികൊണ്ട്‌ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിന്റെ റെസ്റ്റോറന്റിൽ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോളാണ് മിസ്റ്റർ ഫോൾജെർ വിളിക്കുന്നത്.
" നമസ്ക്കാരം ജസ്റ്റിൻ "
" നമസ്തേ ഫോൾജെർ. താൻ വിളിച്ചിട്ടു കുറെ നാളായല്ലോ."
" ഒന്നും പറയണ്ട മാൻ.. മെർക്ക് എന്നെ പിടിച്ചു സൗത്ത് ഇന്ത്യൻ സൈഡിലെ എം.ഡിയാക്കി. ഇപ്പൊ കൊച്ചിയിലുണ്ട്."
" ഹാഹാഹാഹാ.... താൻ ഒന്നും ഇപ്പോളും ഗതി പിടിച്ചില്ലേ..? ആ ബെൻസിൽ തന്നെ ആണോ..? അല്ല എന്തിനാണാവോ വിളിച്ചത്.? "
" താൻ ഒരു ഉപകാരം ചെയ്യണം. ഒരു മെർക്ക് ജി ടി എസ് കോഴിക്കോട് നടക്കുന്ന ഷോയിൽ കാണിക്കാൻ കൊണ്ടുവന്നിട്ടുണ്ട്.. താൻ കുവൈറ്റിൽ ചായകുടിക്കാൻ ഒക്കെ അതിലല്ലേ പോണേ .? അതിൻറെ ആ രീതിയൊക്കെ പിള്ളേർക്ക് ഒന്നു പറഞ്ഞു കൊടുത്തു ഷോയിൽ ഒന്ന് നിന്ന് സഹായിക്കണം.."
" അത്രേയുള്ളോ ..! പറ്റില്ല.. എനിക്ക് നാളെ രാവിലത്തെ വണ്ടിക്കു ടെക്സസിൽ എന്തോ ഒരു ആവശ്യത്തിന് പോകേണ്ടതാ താൻ വേറെ ആളെ നോക്ക്"
" എന്റെ പൊന്നു മച്ചാനെ ദൈവത്തെ ഓർത്തു ഒന്ന് സഹായിക്ക്.. ഞാൻ കാലു പിടിക്കാം" ഫോൾജെർ വിനയാന്വിതനായി..
" ആഹ് എന്നാ ശരി.. താൻ പറഞ്ഞോണ്ട് ഇത്തവണത്തേക്കു ഞാൻ വരാം.. എന്നത്തേക്കാ ഈ പരിപാടി.?"
" നാളെ തന്നെ.. 24നു താൻ രാവിലെ തന്നെ കോഴിക്കോടെത്തണം.. വണ്ടി ഞാൻ വിടാം.."
" താൻ വിടേണ്ട.. ഞാൻ വന്നോളാം" ഞാൻ ഫോൺ വച്ചു..
കാര്യം എന്നതായാലും ഫോൾജെർ ആള് ഉപകാരിയാണ് വെറുതെ വെറുപ്പിക്കണ്ട.. ഡാലസിലുള്ള ഇട്ടിച്ചായൻറെ ഇളയവളുടെ മാമ്മോദിസാ കൂടാൻ പറ്റില്ലെന്നേ ഉള്ളൂ.. അഹ് പോട്ടെ ..
ഞാൻ പോകാനായുള്ള വട്ടം കൂട്ടി..
ഒരു സഞ്ചിയെടുത്തു അത്യാവശ്യം സാധനം ഇട്ടു തോളത്തു തൂക്കി. കറുത്ത മുണ്ടും കറുത്ത ഷർട്ടും ഇട്ടു ഞാൻ റിസപ്ഷനിലേക്കു നടന്നു..
കൗണ്ടറിലിരുന്ന പെൺകുട്ടി മനോഹരമായി ചിരിച്ചു കൊണ്ട് എന്തോ ഉപചാരവാക്ക് പറഞ്ഞു..
" എന്റെ ഡ്രൈവർ ഇപ്പൊ വരും .. മുറിയിൽ ഉള്ള പെട്ടി എല്ലാം എടുത്തു കോഴിക്കോടേക്ക്‌ വരാൻ പറയണം.. ഈ ഡോളർ നോട്ടുകൾ സ്നേഹത്തോടെ സ്വീകരിക്കൂ." അവൾക്കു കൈയിൽ ഉള്ള കുറച്ചു ഡോളേഴ്‌സ് കൊടുത്തിട്ടു ഞാൻ വെളിയിൽ ഇറങ്ങി..
സന്ധ്യയായി വരുന്നു.. എന്താ ചെയ്യുക.. ഫ്ലൈറ്റിൽ പോകാൻ ഒരു മൂടും ഇല്ല..
പെട്ടെന്ന് ഐഡിയ കിട്ടി.. ട്രെയിനിൽ പോകാം ഒരു ചേഞ്ചുമാകും സേഫുമാ.. കിട്ടിയോ.? കിട്ടുകേല.
നടക്കുന്ന വഴിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ചേക്കാം എന്നും പറഞ്ഞു ബഷീറിക്കയുടെ ബി എസ് എ അച്ചായി സൈക്കിൾ വാങ്ങി ചവിട്ടി പാട്ടും പാടി വരുമ്പോളാണ് ഒരു അപ്പാപ്പൻ ഒരു വെളുത്ത ജൂബ്ബയും പൈജാമയും ഇട്ടു നിന്ന് കൈ കാണിക്കുന്നത്....
" നമസ്കാരം യുവാവേ.. എനിക്ക് ഒരു സഹായം ചെയ്യുമോ..?"
ഞാൻ ഞെട്ടി..!! കട്ട ഹിന്ദി..
" പറയൂ ജി എങ്ങനെയാണ് താങ്കളെ എനിക്ക് സഹായിക്കാൻ സാധിക്കുന്നത്.."
" ഞാൻ വണ്ടിയെടുത്തു ഒന്ന് കറങ്ങാൻ ഇറങ്ങിയതാ പെട്രോൾ തീർന്നെന്നു തോന്നുന്നു.... എന്തെങ്കിലും എഞ്ചിൻ തകരാറാണോന്നറിയാൻ ഞാൻ ഒന്ന് ചെറുതായി പണിഞ്ഞു നോക്കി.. രക്ഷയില്ല മോനേ "
" ഓ അത് ശരി. അപ്പോ അതാ മുഖത്തിൽ ആകെ പൊടിയും കരിയും.. ആട്ടെ എന്നിട്ടു വണ്ടിയെവിടെ.?"
" അത് അപ്പുറത്തെ ഇടവഴിയിലാണ്.. നമുക്ക് പോയി പെട്രോൾ വാങ്ങി വന്നാലോ,.?"
" എന്നാ അച്ചായൻ പുറകിൽ കേറിക്കോ "
അങ്ങനെ പുള്ളിയെയും വച്ച് സൈക്കിൾ ചവിട്ടി പമ്പിൽ ചെന്നപ്പോൾ അവിടെ ഡോളർ എടുക്കില്ലെന്നു..
പുള്ളിയുടെ കൈയിലും പൈസ ഇല്ല..
വീണ്ടും സൈക്കിളിൽ ജിത്തു മച്ചാനെ വീട്ടിലേക്കു.. ചെന്ന പാടെ അവൻ സരസ്വതി തുടങ്ങി..
" വാ മച്ചാനെ.. ഏതാ ഈ വധൂരി കൂടെ.?"
" എന്റെ പൊന്നെടാ ഒരു 100 മണീസ് വേണം ഈ അപ്പച്ചന് പെട്രോൾ വാങ്ങി കൊടുക്കാനാ.."
അവൻ അത്ഭുതത്തോടെ എന്നെ ഒന്ന് നോക്കി.. " ഞാൻ പള്ളിയിൽ പോകാൻ നിക്കുവാ മഗരിബ് ഉണ്ട്.. മച്ചാൻ ഇവിടെ ഇരുന്നോ ഞാൻ പൈസ വാപ്പാടെ കൈയിൽ കൊടുത്തു വിട്ടേക്കാം.."
അവൻ പോയതിന് ശേഷം ഞാൻ അടുക്കളയിൽ കേറി നോക്കി അപ്പവും ബീഫും ഉണ്ട്..
ഹിന്ദി അച്ചായൻ ഉള്ള സമയത്തിന് അടുക്കളയിൽ കേറി ചായ ഉണ്ടാക്കി... സത്യം പറയാമല്ലോ അസാധ്യ രുചി..
ചായയും കുടിച്ചു കുറച്ചു വർത്താനം പറഞ്ഞിരുന്നപ്പോൾ ജിത്തൂന്റെ വാപ്പ വന്നു.. പൈസയും മേടിച്ചു സലാം പറഞ്ഞു പോകുമ്പോൾ ഹിന്ദി അച്ചായൻ വാപ്പയെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു.. ഓ വടക്കേ ഇന്ത്യൻ രീതിയായിരിക്കും...
വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.. ഇത്തവണ അച്ചായൻ സൈക്കിൾ എന്റെ കയ്യിന്ന് വാങ്ങി തള്ളാൻ തുടങ്ങി..
ഈ കുറച്ചു നേരത്തിനിടയിൽ അച്ചായന്റെ സംസാരവും പെരുമാറ്റവും എന്നിൽ വലിയ മതിപ്പാണ് ഉണ്ടാക്കിയത്..
പെട്രോൾ മേടിച്ചു തിരിച്ചു വന്നപ്പോൾ രാത്രിയായി.. അച്ചായന്റെ വണ്ടി സൂപ്പർ ആയിരുന്നു ബി എം ഡബ്ലിയൂ 7 സീരിസ്.. പെട്രോൾ ഒഴിച്ച് വണ്ടി സ്റ്റാർട്ട് ആക്കി കൊടുത്തപ്പോൾ പുള്ളി ഹാപ്പി..
ഇനി ഈ സമയത്തു ട്രെയിൻ ഒന്നും കിട്ടി സമയത്തു കോഴിക്കോട് ചെല്ലാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ പുള്ളി ഭയങ്കര ചിരി..
" ബേട്ടാ.. ഞാൻ കോഴിക്കോടിന് പോകുവാണ്.... നീ കൂടി വന്നാൽ വർത്താനം ഒക്കെ പറഞ്ഞു ജോളിയായി പോകാമല്ലോ.."
അങ്ങനെ ഞങ്ങൾ പമ്പിൽ ചെന്ന് ടാങ്ക് ഫുൾ ആക്കി കോഴിക്കോട് ലക്ഷ്യമാക്കി യാത്ര തുടങ്ങി..
പോകുന്ന വഴി ഒരുപാട് സംസാരിച്ചു...
പുള്ളി സ്വന്തമായി എഴുതിയ ഹിന്ദി കവിതകൾ ചൊല്ലി.. ഞാൻ ചേട്ടായി എഴുതിയ പ്രണയ കല്ലോലിനീ എന്ന കാവ്യം ചൊല്ലി കേൾപ്പിച്ചു.. രാഷ്ട്രീയം ഭക്ഷണം തീയോളജി ഒക്കെ സംസാരിച്ചു കോഴിക്കോട് എത്തിയതറിഞ്ഞില്ല..
എന്നെ മലബാർപാലസിന്റെ മുമ്പിൽ ഡ്രോപ്പ് ചെയ്തിട്ട് ആ മനുഷ്യൻ ഇറങ്ങി വന്നു എന്റെ കരം ഗ്രഹിച്ചു..
" ബേട്ടാ.. ഞാൻ വിചാരിച്ചിരുന്നതിലും കൂടുതൽ സ്നേഹമുള്ളവരും സംസ്കാരസമ്പന്നരുമാണ് ഈ നാട്ടുകാർ..
കുറച്ചു മണിക്കൂറുകളേ കൂടെ ഉണ്ടായിരുന്നുവെങ്കിലും നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും.. അപ്പൊ ഞാൻ യാത്രയാകട്ടെ"
മറുപടിയായി ഞാൻ പുഞ്ചിരിച്ചു യാത്ര പറഞ്ഞു...
കോഴിക്കോട് മോട്ടോർ ഷോ മഹാ ബോർ ആയിരുന്നു... എന്നാലും അതും ഇതും പറഞ്ഞു അവിടെ നന്നായി കാര്യങ്ങൾ നടത്തി... വൈകുന്നേരം എയർപോർട്ടിൽ പോകാനായി തന്ന പച്ച എ ക്ലാസ്സുമായി പോകുന്ന വഴിയാണ് പ്രധാന മന്ത്രിയുടെ പ്രസംഗം നടക്കുന്ന സ്ഥലം കണ്ടത്.. പ്രസംഗം കഴിഞ്ഞു പുള്ളി പോകുന്ന സമയമാണ്.. ഏതായാലും ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞു ഞാൻ വണ്ടിയുടെ സൺ സ്ക്രീൻ റൂഫ് മാറ്റി മുകളിൽ കേറി നിന്നു നോക്കി ... ആൾക്കൂട്ടത്തെ കൈ വീശികാണിച്ചു അദ്ദേഹം യാത്രയായി..
എയർപോർട്ടിൽ ബോർഡിങ് പാസ് വാങ്ങി ബോറടിച്ചിരിക്കുമ്പോളാണ് ഫോണിൽ ചങ്ങനാശ്ശേരി ജങ്ഷനിലെ തള്ളു കഥകൾ വായിക്കുന്നത്..
പെട്ടെന്ന് എനിക്ക് "തള്ളു " എന്ന വാക്ക് കേറി എവിടെയോ കൊണ്ടു ..
ആ ഹിന്ദി അച്ചായനു സൈക്കിൾ ആണെങ്കിലും ചായ ഗ്ലാസ് ആണെങ്കിലും തള്ളാൻ വലിയ ഉത്സാഹമായിരുന്നു..
ബീഫ് കാണിച്ചപ്പോൾ പേടിച്ചതും.. എക്സ്ട്രാ ആം ഫിക്സഡ് ആയ കാറും... പ്രധാന മന്ത്രി ആൾക്കൂട്ടത്തെ നോക്കി കൈ വീശിയപ്പോൾ എന്നെ നോക്കി ചിരിച്ചതും കൂട്ടി വായിച്ചപ്പോൾ,
കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ എന്റെ കൂടെ ഉണ്ടായിരുന്ന, കവിത ചൊല്ലുന്ന, ബീഫ് കഴിക്കാത്ത, സംസാരപ്രിയനായ ആ ഹിന്ദി അച്ചായൻ ആരാണെന്നു എനിക്ക് ഒരു ഞെട്ടലോടെ മനസ്സിലായി...
ഫ്ലൈറ്റ് അനൗൺസ്‌മെൻറ് കേട്ടതോടെ ഞാൻ ഒരു പുഞ്ചിരിയോടെ ബാഗും എടുത്തു നീങ്ങി..
ശുഭം

ഇല്ലമ്പള്ളി കഥകൾ - 2


ഇല്ലമ്പള്ളി കഥകൾ - 2 

( കോമളവല്ലിക്കൊരു പ്രേമലേഖനം : കുവൈറ്റ്‌ വേർഷൻ )

ജീവിതം യൗവനയുക്തവും പ്രേമസുരഭിലവുമായ് പോകുന്ന സമയം... പക്ഷെ മൊത്തത്തിൽ ഒരു മടുപ്പ് ഒരു ഉന്മേഷക്കുറവ്. അങ്ങനെയിരുന്നപ്പോലാണ് സുഹൃത്ത് ഗോവർദ്ധൻ ബൈക്കിൽ നിന്ന് തലകുത്തി വീണു കൈ ഒടിഞ്ഞു കോട്ടയം മെഡിക്കൽ കോളജിൽ കയറിക്കൂടിയത്. പിന്നെ തിരക്കായി ഓട്ടമായി ബ്ലഡ്‌ കൊടുപ്പ് & എടുപ്പ് ( മെഡിക്കൽ പഠിക്കുന്ന പെൺക്കുട്ടികളുടെ) , സർജറി ആകെ രസം.
അവസാനം അവനെ ഡിസ്ചാർജ് ആക്കി കൊണ്ടുവരുന്ന വഴി കുവൈറ്റിൽ നിന്നും അറബി മുതലാളി വിളിച്ചു..

"അസലാമു അലൈക്കും ജെ"
"ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ മുതലാളി"
"ഡാ നീ എവിടെയാണേലും 10 നിമിഷത്തിൽ സ്കൈപ്പിൽ ഓൺലൈൻ വരണം.. ഡയാന കെല്ലി നിന്നോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു .. കഴിഞ്ഞ തവണ കൊടുത്ത വർക്കിലെ കുറ്റം പറയാനാണ് തള്ളയുടെ ഉദ്ദേശം.. എല്ലാം നീ മൊത്തത്തിൽ മേടിച്ചു വെക്ക്... എന്നെ ചോദിച്ചാൽ, ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു പോയെന്നു പറഞ്ഞേക്ക്...
"അല്ല.. അത് ഞാൻ പിന്നെ.."
"അപ്പൊ ശരി ടാറ്റാ"... ദുഷ്ടൻ ഫോൺ വച്ചു..

വണ്ടി പാലാത്ര ബൈപാസ് എത്തിയപ്പോൾ കാൾ വന്നു.. പിന്നെ എന്നാ ചെയ്യാനാ നേരെ വെളിയിൽ ഇറങ്ങി ഫോൺ വണ്ടിയുടെ ബാക്കിൽ സ്ഥാപിച്ചു സ്കൈപ്പ് ഓൺ ആക്കി...
തള്ള ഫോണിലൂടെ ആപാദചൂടം ഒന്ന് നോക്കി.. കൂതറ കൈലിയും പുള്ളി ഷർട്ടും കണ്ടിട്ടാവണം മുഖം വക്രിച്ചു മൊഴിഞ്ഞു.
" മിസ്റ്റർ ജെ താങ്കൾ വസ്ത്രധാരണത്തിൽ കുറെക്കൂടെ ശ്രദ്ധാലുവും മാന്യനും ആയിരുന്നേൽ എത്ര നന്നായിരുന്നേനെ.!!"

"മാഡം നിങ്ങൾ ഈ ചുവന്ന വസ്ത്രത്തിൽ വളരെ സെക്സി ആയിരിക്കുന്നു" ഞാൻ പ്രതിവചിച്ചു..
തള്ളയുടെ വാ പൊളിഞ്ഞു എനിക്ക് 5 പോയിന്റ് തള്ളക്ക് പൂജ്യം..‌...
പിന്നീട് നടന്ന ആംഗലേയ പ്രസംഗത്തിൽ ഫൈനൽ സബ്മിഷന് മുമ്പ് ഞാൻ തന്നെ ചെന്ന് ചാടിപ്പോയ ഭൂതത്തിനെ പിടിച്ചു കുപ്പിയിൽ ആക്കിത്തരാം എന്ന ഉറപ്പിൽ തള്ള ഫോൺ വച്ചു ..

ഞാൻ അപ്പൊ തന്നെ അറബിയെ വിളിച്ചു..
"എന്റെ അരി താൻ മുട്ടിക്കുമോ?? തള്ള പറയുന്നത് അങ്ങ് വരാൻ ആണ്.."

അദ്ദേഹം പറഞ്ഞു " നിനക്ക് ബിരിയാണി കിട്ടുന്ന കോള് ഒപ്പിക്കാം ഈ വഴി വാ.. ഇവിടെ ഇരുന്നു പണി തീർത്തു കൊടുക്ക്‌ .. ഞാൻ ടിക്കറ്റ്‌ അയച്ചിട്ടുണ്ട് കേറിപ്പോരെ "

"അങ്ങനെ ആവട്ടെ .."

ഞാൻ നേരെ വീട്ടിൽ ചെന്ന് ഒരു സഞ്ചിയിൽ 2 ഡ്രെസ്സ് എടുത്ത് പയ്യെ കെട്ടി.. എന്താണാവോ എന്ന് ചോദിച്ച മാതാശ്രീയോട്
പാലക്കാട് കുറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഒരു അമ്പലത്തിലെ ഉത്സവം നടത്താനുണ്ട് എന്ന് പറഞ്ഞു ഒഴിഞ്ഞു..

ശകടം കൊച്ചിവരെ പോകുമോ എന്നാ സന്ദേഹം ഉള്ളതിനാൽ പ്രിയ കൂട്ടുകാർ എന്നെ കൊണ്ടുവിടാൻ വന്നു...
പോണ പോക്കിൽ ഒന്ന് മയങ്ങിയ ഞാൻ എണീക്കുന്നത്, " ഇടത്തോട്ടാണ് അല്ല വലത്തോട്ടാണ് എന്നൊക്കെ പറഞ്ഞു ബെറ്റു വച്ച് കളിക്കുന്ന ലവന്മാരുടെ നടുക്കാണ്..
പിന്നെ ഒരുവിധം മാപ്പ് ഒക്കെ നോക്കി വണ്ടി ബീമാനതാവളത്തിൽ എത്തി...
അവന്മാര് ടാറ്റ പറഞ്ഞു പോയപ്പോൾ ഒരു സങ്കടം... എന്നെ വഹിച്ചു കൊണ്ട് വിമാനം ഉയർന്നു ....

കുവൈറ്റിൽ ചെന്നിറങ്ങി ആദ്യം കണ്ട ഓട്ടോ പിടിച്ചു അറബി മൊതലാളിയുടെ വീട്ടിലെത്തി..
ഊഷ്മളമായ സ്വീകരണത്തിന് ശേഷം ഒരു കെട്ടു കടലാസ് എടുത്തു കൈയിൽ വച്ചിട്ട് അദ്ദേഹം പറഞ്ഞു..
" ഞാൻ ഇപ്പൊ തന്നെ നാട് വിടും.. ഗ്രീസിൽ ചെന്നിട്ടു എന്തോ ഒരു അത്യാവശ്യം ഉണ്ട്. നീ ഇതു പരുവം പോലെ ഇന്നു വൈകീട്ടോ നാളെ രാവിലെയോ തീർത്താൽ മതി.."
"അല്ല മുതലാളി ഞാൻ ആ വിളക്ക് കൊണ്ടുവന്നില്ല" ഞാൻ വിനയാന്വിതനായി.
"വിളക്കോ..?? യു മീൻ ആ ഭൂതത്തിന്റെ അത്ഭുത വിളക്കോ..??
"അത് തന്നെ.."
" ഹഹഹഹഹ... ശരി നീ പറ സമയം"
"ഒരു 2 ആഴ്ച്ച"
"ശരി നിന്റെ ആഗ്രഹം പോലെ... തീറ്റകുടികിടപ്പ് ഒക്കെ ഇവിടെ ആകാം.. മുറുക്കാൻ മേടിക്കാൻ കവലയിൽ വല്ലോം പോകാൻ വണ്ടി എടുക്കാം..ഇതാ കീ.. അപ്പൊ പറഞ്ഞ പോലെ..." ഇതും പറഞ്ഞു പുകച്ചുരുളുകൾക്കിടയിൽ അദ്ദേഹം അപ്രത്യക്ഷനായി...

പണി വിചാരിച്ചതിലും പെട്ടെന്ന് കഴിഞ്ഞു.. മുതലാളിക്ക് മെസ്സേജ് അയച്ചു...
"പണി എല്ലാം കഴിഞ്ഞു തംബ്രാ... ഉള്ള ചില്ലറ തന്നു എന്നെ ഒഴിവാക്കുക.. നന്ദി ഫോർ ദി ലോഡ്ജിംഗ് "
" ഭേഷ് ജെ..!!! അത് അമേരിക്കയിൽ പോയി റിവ്യൂ വരുന്നവരെയുള്ള ചെറിയ കാലയളവ്‌ നീ കുവൈറ്റിൽ നിന്ന് തടി നന്നാക്കുക.. നിന്റെ സന്തോഷത്തിനു ഒരു കുപ്പി ചുവന്ന ജോണി അലമാരയുടെ അടിയിൽ വച്ചിട്ടുണ്ട്.. ശീലം ഇല്ലെങ്കിൽ കൂട്ടുകാർക്ക് കൊടുത്തോ.. വണക്കം.."
"വണക്കം"
കുപ്പിയും എടുത്തു ഞാൻ ചിന്തിച്ചു... ആർക്കു കൊടുക്കണം..
മനസ്സില് വന്നത് പൂവേലിചേട്ടായി തന്നെ... വന്ന ദിവസം തന്നെ വിളിച്ചു കാര്യം അന്വേഷിച്ച അദ്ധേഹത്തെ മറക്കാൻ പാടില്ല..
കുപ്പി ഒരു പത്രകടലാസ്സിൽ പൊതിഞ്ഞു വണ്ടിയിൽ ഇട്ടു ഞാൻ അബ്ബാസിയ ലക്ഷ്യമാക്കി യാത്ര തുടങ്ങി...
ഹൈവയിൽ കേറിയപ്പോൾ ദാ പോണു പുള്ളിടെ വണ്ടി.. പാട്ടൊക്കെ ഇട്ടു അലസമായി ഡ്രൈവ് ചെയ്യുന്നു..
വിമാനം പറപ്പിച്ച് ക്ഷീണിച്ചു വരുവാ.. ഒരു സർപ്രൈസ് കൊടുക്കാം.. എന്റെ കണ്ണുകൾ തിളങ്ങി...
പുള്ളിയുടെ വണ്ടിയുമായി ഒരു നിശ്ചിത അകലം വിട്ടു ഓടിച്ചു വന്നിരുന്ന ഞാൻ ഞെട്ടിയത്, അബ്ബാസിയ തെരുവുകളിലൂടെ അദ്ദേഹം ഒരു വരാലിനെ പോലെ വണ്ടിയുമായി പുളഞ്ഞു പോയപ്പോളാണ്....
ഫ്ലാറ്റിനു താഴെ വണ്ടി ഇട്ടു ലിഫ്റ്റ്‌ ലക്ഷ്യമാക്കി നടന്നിരുന്ന അദ്ധേഹത്തെ ചെന്ന് ബ്ലോക്ക്‌ ചെയ്ത് ഞാൻ ചോദിച്ചു..
"ഓർമ ഉണ്ടോ ഈ മോന്ത"
"ഹായ് ബ്രോ" പുള്ളിയുടെ മുഖത്ത് അത്ഭുതം..
ഞാൻ ഞെട്ടി ചുറ്റിനും നോക്കി.. എന്നെ തന്നാ വിളിച്ചത്. പിന്നെ ആലോചിച്ചു, സി ജെ നടത്തിയ ഇഫ്താർ വിരുന്നിൽ വച്ച് കണ്ടപ്പോൾ "അങ്കിളേ" എന്ന് വിളിച്ചതിന് എന്നെ മാറ്റി നിർത്തി കൂമ്പിനു ഇടിച്ച കൈയാ... ഞാനും പറഞ്ഞു "ബ്രൊ".

മന്ത്രം ചൊല്ലി ഡോർ തുറന്നതിനു ശേഷം എന്നോട് ഇരിക്കാൻ പറഞ്ഞു അദ്ദേഹം എന്റെ എതിർ വശത്തായി ഉപവിഷ്ടനായി..
" ധക്ഷിണ വല്ലോം കൊണ്ട് വന്നിട്ടുണ്ടോ?? "
" വീര്യം കൂടിയ ദ്രാവകം ഉണ്ടേ.." ഞാൻ പേപ്പറിൽ പൊതിഞ്ഞ കുപ്പി കാട്ടി..
ഒരു പിഞ്ചു എലി പുന്നെല്ലു കണ്ട പോലെ ചിരിച്ചുകൊണ്ട് പുള്ളി ചോദിച്ചു " നിറം ഉള്ളതാണോ? "
ഞാൻ പൊതിയഴിച്ചു കുപ്പി കാട്ടി... ആ മുഖത്ത് ഒരു കാർമൂടിയോ.
" വിസ്കിയാണല്ലേ ? "
" എന്റെ കാർന്നോനെ നിങ്ങൾ ഈ കുതിര കഴിക്കുന്നത് അല്ലാതെ മനുഷ്യന്മാർ കഴിക്കുന്നത് വല്ലോം കുടി"

ഒരു മന്ദഹാസത്തോടെ പുള്ളി പറഞ്ഞു " മോനെ ജസ്റ്റിനെ, നല്ല കട്ട റം മാട്ടി കിടന്നുറങ്ങി പതിരാത്രിയാകുമ്പോൾ തൊണ്ട വരണ്ടു നമ്മൾ എണീക്കും... അപ്പോൾ 2 തുള്ളി വെള്ളം കുടിക്കുന്ന സുഖം ഒന്നും ഈ വിസ്കി അടിച്ചാൽ കിട്ടൂല്ല.."

ആ പ്രൊഫഷണലിന്റെ വാക്കുകൾ കേട്ട് എനിക്ക് കോരിത്തരിച്ചു...
വീര്യവ്യതിയാനം സംഭവിക്കാതിരിക്കാനാവണം, നേർപ്പിക്കാതെ 6 ജോണി അകത്താക്കി പുള്ളി തത്വചിന്ത പറഞ്ഞു..
ഒരു മണിക്കൂർ ആയിക്കാണില്ല പുള്ളി താഴെ ബക്കാല വരെ പോകാം എന്ന് പറഞ്ഞു എണീറ്റു..
" അല്ല ചേട്ടായി.. ഈ അവസ്ഥയിൽ താഴെ പോയി പോലീസ് വല്ലോം കണ്ടാൽ മോശമല്ലേ.?"
" പോലീസോ ഹഹഹഹ..." അദ്ദേഹം അട്ടഹസിച്ചു "പോവാൻ പറ കോമളവല്ലി "
" അല്ല ചേട്ടാ 'കല്ലി വല്ലി' എന്നല്ലേ പറയുന്നേ.?"
" അതെ.. ഞാൻ അതിനെന്നാ പറഞ്ഞെ.?"
" കോമളവല്ലി "
" എന്ത് "
" കോമളവല്ലി"
" ഒഹ്ഹ് " നെറ്റിയിൽ കൈ താങ്ങി പുള്ളി കസേരയിൽ ഇരുന്നു....
" എന്ത് പറ്റി ചേട്ടാ.. അച്ചാറോ സോഡയോ വേണോ.."
" അതൊന്നുമല്ലടാ വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്ന് അവളെ ഓർത്തു പോയി.."
" ആരേയാ ചേട്ടാ "
" കോമളവല്ലി "
" അതാരാ..??"
" കോമളവല്ലി... കോളേജിലെ സൌന്ദര്യറാണി,കലാതിലകം....അവളും അതെ കോളേജിലെ പഞ്ചഗുസ്തി ചാമ്പ്യനും ബുള്ളറ്റിൽ വരുന്ന ഒരേ ഒരു കുമരനുമായ ഞാനും തമ്മിലുള്ള അനശ്വര പ്രേമകഥ കോളേജിലെ കരിങ്കൽ കെട്ടുകളിൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്.."
"എന്നിട്ട് .?"
" എനിട്ടെന്നാ.. ഒരു ഉഗ്രൻ പണി കിട്ടി.. ആ പണിയിൽ തട്ടി ആ പ്രേമയാനം എന്നെന്നേക്കുമായി മുങ്ങി."

ഞാനൊന്നു ഞെട്ടി..! എന്നിട്ടു 'ബാഹുബലി'യിൽ നായകൻ, കട്ടപ്പയോട്‌ ചോദിക്കുന്നപോലെ ചോദിച്ചു.

" ആയുധങ്ങൾക്ക് തൊടാനാവാത്ത, ശത്രുക്കൾക്ക് അടുക്കാനാവാത്ത ചേട്ടനിട്ട് പണി കിട്ടിയെന്നോ..?"
" ഏതൊരു യുദ്ധവീരനും തോറ്റുപോകുന്ന ഒരു ആയുധം ഉണ്ട്.. 'ചതി'.. അതെ എന്നെ അന്ന് ചതിക്കുകയായിരുന്നു.."
" ആരാ ചേട്ടായി അത് ..?"
അദ്ദേഹം ഗ്ലാസ്‌ എടുത്തു ബാൽക്കണിയിൽ ചെന്ന് നിന്ന് കുവൈറ്റ്‌ ആകെ ഒന്ന് നോക്കി.. എന്നിട്ട് സ്ലോമോഷനിൽ തിരിഞ്ഞ് നിന്ന് പറഞ്ഞു..

" ആ ചതിയൻ... അത് ഞാൻ തന്നെയാണ്..."

......ഹെവി ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌.......
പകച്ചു നിൽക്കുന്ന എന്നെ കടന്നു ഒരു വടക്കൻ കാറ്റു തെക്ക് നിന്ന് അടിച്ചു....

തുടരും..

Wednesday, December 25, 2019

ഇല്ലംമ്പള്ളി കഥകൾ - 1

ഇല്ലംമ്പള്ളി കഥകൾ - 1

 



ഒരു തരത്തിലും കണ്ണ് തുറക്കില്ല എന്ന് വിചാരിച്ചെങ്കിലും രാവിലെ തന്നെ എണീറ്റ്‌ നടയ്ക്കൽ സ്വയം പ്രതിഷ്ടിച്ചു..!!! മൂടിക്കെട്ടിയ ആകാശം.. പതിവ് സൈക്കിൽ യജ്ഞത്തിനും മൂഡില്ല.. പ്രഭാത ഭക്ഷണം വരെ സമയം കളയാൻ പ്രശ്നം വച്ചു നോക്കിയപ്പോൾ പഴയ ഏതോ ഒരു ആരോഗ്യ മാസിക കൈയിൽ കിണഞ്ഞു.! മതി ഇതു മതി.. മുഖചിത്രത്തിനു താഴെ തന്നെ കൊടുത്തിരിക്കുന്ന തലക്കെട്ടിൽ കണ്ണുടക്കി " ഹൃദ്രോഗം ചെറുപ്പക്കാരിൽ ' ഹഹഹഹ..!! കൊള്ളാലോ..
വായിച്ചു തുടങ്ങിയപ്പോൾ ചിരി മാഞ്ഞു. സംഗതി ഗുരുതരം ആകുന്നു. ബീഫ് പോർക്ക്‌ മുട്ട മട്ടൻ പോട്ടി തുടങ്ങി ചോറ് വരെ കുഴപ്പക്കാരാണ്.. ബീഫിനു വേണ്ടി മാത്രം കാത്തിരുന്ന ഞായറാഴ്ചകളെ ഓർത്തു, കോഴിയുടെ എല്ല് പോലും മിച്ചം വെക്കാത്ത നാളുകൾ.. ഓ മൈ ഗോഡ്..!! ഞാൻ ഒരു ഹൃദ്രോഗി ആണ്.. ആഹ് കണ്ണിൽ ഇരുട്ടു കയറുന്ന പോലെ.... മാതാശ്രീയുടെ ആക്രോശം ആണ് എന്നെ ഉണർത്തിയത് " പോയി പല്ല് തേക്കഡാ.. പുട്ടും മുട്ട റോസ്റ്റും എടുക്കാം" ദൈവമെ..!! മുട്ട.! എന്റെ ഹാർട്ട്‌..!! ഇല്ല ഇവിടെ നിന്നും രക്ഷപ്പെടണം..
അമ്മയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി "അമ്മെ പൊറുക്കുക ഈ നഷ്ട്ട ജന്മത്തിൻ ക്ഷണികമാം ... " എന്ന കവിത ചൊല്ലി ഒരു ബാഗിൽ മാസിക ഇട്ടുകൊണ്ട്‌ പയ്യെ പുറത്തിറങ്ങി..
വണ്ടിയിൽ കയറിക്കൂടി പയ്യെ സ്റ്റാർട്ട്‌ ചെയ്തു.. ഒരു നാണം .വണ്ടിക്ക് ..! എഹ് . ഇന്നലെയും കൂടെ ഒരു 150 രൂപക്ക് ഡീസൽ അടിച്ചതാണല്ലോ .. 3 ദിവസം ഓടാൻ ഉള്ളതുണ്ട്.. അപ്പൊ അതല്ല .. പുറത്തിറങ്ങി നോക്കി ഒരു ടയർ വെടി തീർന്നു കിടപ്പാ ..പോട്ടെ പുല്ല് .. ഏതായാലും കൊളസ്ട്രോൾ വന്നു ചാകും .. എന്നാ കുറച്ചു നടക്കാം.. വട്ടപ്പള്ളി ആയപ്പോൾ ആളുകൾ ഒരു വശപ്പെശകിൽ നോക്കുന്നു.. നൈസ് ആയി മരുന്ന് കടയുടെ ചില്ലിൽ നോക്കി .. ഒരു രൂപം ചുവന്ന മുണ്ടും കറുത്ത ഷർട്ടും കേറ്റി തോളത്തു ഒരു നീല സഞ്ചിയും ഇട്ടു കണ്ണാടിയും വച്ച് എന്നെ നോക്കുന്നു ... ആളുകളെ കുറ്റം പറയാൻ ഒക്കില്ല .. റിട്ടേൺ വന്ന ഒരു ബി എം ഡബ്ലിയു കൈ കാട്ടി നിർത്തി സ്റ്റേഡിയത്തിലേക്ക് വിട്ടു... സ്വസ്ഥം ആയിരുന്നു മാസിക വായിച്ചു മനസിലാക്കാമല്ലോ ... പേജുകൾ മറിച്ചു .അടുത്ത പേജ് പച്ചക്കറിയെക്കുറിച്ചാണ്.. സമാധാനം.. അതേലും തിന്നു ജീവിക്കാലോ .. അതും രക്ഷ ഇല്ല .. മുഴുവൻ വിഷം തളിക്കുകയാണത്രേ... തക്കാളി ഒക്കെ വിഷത്തിൽ മുക്കി എടുക്കുവാ .. ഇതല്ലേ ആ പൂവേലി ചേട്ടൻ അരച്ച് മുഖത്ത് തേക്കാൻ ടിപ് പറഞ്ഞു തന്നത്..!!!
ദുഷ്ടൻ..! അടുത്ത തവണ കുവൈറ്റിൽ പോകുമ്പോൾ അബ്ബാസിയയിൽ ചെന്ന് അങ്ങേരുടെ ഫ്ലാറ്റ് കണ്ടുപിടിച്ചു ബോംബ്‌ ഇട്ടു നശിപ്പിച്ചു അവിടെ കുളവാഴ കൃഷി തുടങ്ങണം എന്ന് മൊബൈലിൽ റീമൈൻഡർ ഇട്ടു...
പേജുകൾ മറിയുന്നതിനൊപ്പം സമാധാനം കുറഞ്ഞുകൊണ്ടും ഇരുന്നു.. അടുത്ത പേജു വ്യായാമ പ്രശ്നങ്ങൾ ആണ്.. മതുമൂല ജിമ്മിൽ ചിതറിയിട്ട ഡംബെല്ലുകളുടെ നടുക്ക് വെട്ടി വിയർത്തിരിക്കുന്ന ഡോക്ടറെ ഓർത്തപ്പോൾ കണ്ണിൽ നിന്നും 2 തുള്ളി വെള്ളം ഭൂമിയിൽ പതിച്ചു..! കൂടുതൽ വായിക്കാൻ ശേഷിയില്ലാതെ ഞാൻ ആസ്ത്രപ്രജ്ഞനായ് നിന്നു...
കുടിവെള്ളം മുതൽ വായു വരെ മലിനമായ ഈ ലോകത്ത് കൊളസ്ട്രോളും കൊണ്ട് ജീവിചിരിക്കുന്നതിലെ അർത്ഥ ശൂന്യത എന്നെ ഇരുത്തി ചിന്തിപ്പിച്ചു... ഇനിയും വായിച്ചാൽ എന്റെ അടക്ക് ഇന്ന് തന്നെ വേണ്ടിവരും എന്ന് ബോധ്യപ്പെട്ടതിനാൽ ഞാൻ അവിടെ നിന്ന് നിഷ്കര്ഷിച്ചു. സ്റ്റേഡിയത്തിനു മുന്നിൽ തന്നെ ഒരു ലാബ്‌ ഉണ്ട്. അവിടെ ചെന്ന് ഒരു രക്ത പരിശോധനയാവാം എന്ന് കരുതി അങ്ങോട്ട്‌ ചെന്നു.. പണ്ട് സ്കൂളിൽ പടിപ്പിച്ച ഒരു "മഹാൻ " അവിടെ വാതിൽക്കൽ നിക്കുന്നു.. പണ്ട് പത്തിലെ സർട്ടിഫിക്കറ്റിൽ പണി തന്ന മഹാനാ.. പഴമ്പൊരിയിൽ റബ്ബർബാൻഡ് ഇട്ട അതേ കോലം..!! ആചാരം അനുസരിച്ച് ഒന്ന് ബഹുമാനിക്കണമല്ലോ..! ചുറ്റും നോക്കി ഒന്നും കണ്ടില്ല.. അവസാനം മുണ്ട് മടക്കിക്കുത്ത് അഴിച്ചു ഒരു 8 ഇഞ്ച്‌ കേറ്റിക്കുത്തി തുട ചൊറിഞ്ഞു കാട്ടി.. ആഹ.. ഒരു സമാധാനം... ഇനി രക്തപരിശോധനക്കുള്ള മൂഡ്‌ ഇല്ല..
മുനിസിപാലിറ്റി ഭാഗത്തേക്ക്‌ നടന്നു.. സമയം സന്ധ്യയായി വരുന്നു.. അതോ മഴ മൂടി നിക്കുവാണോ.. മനസ്സ് ഉറയ്ക്കുന്നില്ല.. വഴിയിൽ ടെലിഫോൺ അധികൃതർ എടുത്ത കുഴിയുടെ അടുത്ത് നിന്നു ഒരു ചേട്ടൻ പാമ്പ് ഡാൻസ് കളിക്കുന്നു.. പാവം.. ഞാൻ ചെന്ന് അയാളെ പിടിച്ചു ഒരു 2 അടി മാറ്റി സേഫ് ആയി നിർത്തി ... അപ്പോളാണ് തലേന്ന് കുങ്ങ്ഫു ക്ലാസ്സിൽ മാഷ് പറഞ്ഞത് ഓർമ്മ വന്നത്.. "പഠിപ്പിച്ചു തരുന്നത് സമയം കിട്ടുമ്പോൾ ഒക്കെ പ്രാക്ടീസ് ചെയ്യണം"
ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചു പോകണ്ട പാപം ആണു... പാടില്ല..!! ആ ചേട്ടനെ നോക്കി ഉന്നം പിടിച്ച് ഒരു "ഫ്രെണ്ട് ബ്ലോക്ക്‌ ആൻഡ്‌ ബാക്ക് അറ്റാക്ക്‌ " 180 ഡിഗ്രിയിൽ കറങ്ങി നോക്കുമ്പോൾ അയാൾ അതാ കുഴിയിൽ.. ഒരു പിടി പച്ചമണ്ണ് വാരി കുഴിയിൽ ഇട്ടു മോഹൻലാൽ പറഞ്ഞ ഹിന്ദി ഡയലോഗ് പറഞ്ഞു കൊണ്ട് നിക്കുമ്പോലാണ് ആ പാട്ട് കേള്ക്കുന്നത്....
"തിരിച്ചെത്തുമോ വത്സാ .. നാം കൊതിച്ചീടുമാ സൽസ .! കൊടും വേനലിൽ ഇളം മാരി പോൽ "........
ഒരു അപ്പച്ചൻ പാടിയാടി വരുന്നു ... ശുഭ്ര വസ്ത്രം..മൊത്തത്തിൽ ഒരു ഡിസിപ്ലിൻ ഉണ്ട് നടത്തത്തിൽ .. കടപ്പുറത്തുകൂടെ ഞണ്ട് വരുന്ന പോലെ..! പുള്ളിയെ പണ്ട് സി ജെ നടത്തിയ "ജനകീയ യാത്ര"ക്ക് പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചു നിൽക്കെ അദ്ദേഹം എന്നെ കടന്നു പോയി....
മരണത്തിലേക്ക് അധികം ദൂരമില്ല എന്ന് അറിയാതെ തലങ്ങും വിലങ്ങും നടക്കുന്ന ചങ്ങനാശ്ശേരിക്കാരുടെ ഇടയിലൂടെ ഞാൻ ആ അവദൂധൻ വന്ന ഭാഗം ലക്ഷ്യമാക്കി നടന്നു... "ആനന്ദ് " എന്ന് എഴുതിയ ബോർഡിന് താഴെക്കൂടെ നടന്നു ഒരു അരണ്ട വെളിച്ചം ഉള്ള മുറിയിലാണ് എത്തിയത്... കൌണ്ടറിൽ നിന്ന ചേട്ടന്റെ ചോധ്യഭാവത്തോടെ ഉള്ള നോട്ടത്തിന് മറുപടിയായി ഞാൻ കൂട്ടിൽ ഇരുന്ന നീലപൊന്മാനെ കാട്ടികൊടുത്തു.. ക്ഷണ നേരത്തിൽ അദ്ദേഹം മരവിച്ച 2 കിളികളെ മുന്നില് എത്തിച്ചു.. കൂടെ പച്ച പട്ടാണിയും.. അവൻസിനെ ഒരു വിധത്തിൽ അകത്താക്കി പുറത്തു കടന്നു.. ആകെ ഒരു കുളിർമ്മ... പോസ്റ്റുകളിൽ രജനി പുഷ്പങ്ങൾ കണ്ണ് തുറന്നിരിക്കുന്നു... എന്റെ കാലുകൾ നഷ്ട്ടപെട്ടു പകരം ചിറകുകൾ മുളച്ചിരിക്കുന്നു... ആഹ.. ഏതോ പ്രേരണയിലെന്നവണ്ണം ഞാൻ എങ്ങോട്ടാണ് പറക്കുന്നത്..?? കെട്ടിടങ്ങൾ കടന്നു ഞാൻ ഒരു കോണിപ്പടിച്ചുവട്ടിൽ എത്തിയിരിക്കുന്നു..!!
ബോര്ഡു വായിച്ചു "എലൈറ്റ്" കൊള്ളാം ...
പൂ പോലെയുള്ള പൊറോട്ടയും ബീഫും മുന്നിൽ നിരന്നു.. വയറു നിറയെ അടിച്ചു... മുന്നിൽ നിന്നും വണ്ടി പിടിച്ചു വീട്ടിൽ എത്തി.. വസനങ്ങൾ ഉപേക്ഷിച്ചു കൊതുകുവല കൊണ്ടുമൂടിയ എന്റെ സുരക്ഷിത സ്ഥാനത്തു കിടന്നു കണ്ണടക്കുമ്പോൾ പുറത്തു പേമാരി തകർക്കുകയായിരുന്നു....

വീണ്ടും പ്രഭാതം....
പുറത്തു അതിമനോഹരമായ വെയിൽ... പഞ്ചെന്ദ്രിയങ്ങളിൽ പുതിയ ഒരു ഉണർവ്...
കാൽ എന്തിലോ തട്ടി വീണ്ടും പുതിയ "ആരോഗ്യ മാസിക"...
എടുത്തു 4 കഷണമാക്കി എറിഞ്ഞു സൈക്കിൾ എടുത്തു ഞാൻ പുറത്തേക്കു ചവിട്ടി...
ശുഭം...
3 മാസങ്ങൾക്ക് ശേഷം കുവൈറ്റിലെ ഒരു മഞ്ഞുകാലം:
എയർപോർട്ടിൽ നിന്നും കുറെ വിമാനം തിരിച്ചു വിട്ട ക്ഷീണത്തിൽ വണ്ടിയിൽ "ചന്ദനലേപ സുഗന്ധം പൂശിയതാരോ കാറ്റോ..." എന്ന പാട്ടും കേട്ട് അബ്ബസ്സിയായിലേക്ക് പോകുകയായിരുന്ന യൗവനയുക്തനായ മദ്യ'വയസ്ക്കൻ തന്റെ പിന്നിലൂടെ അതിവേഗം കുതിച്ചു വരുന്ന 2001 മോഡൽ ലാൻഡ്‌ക്രൂസർ ഓടിച്ചിരുന്ന ആളുടെ കണ്ണുകൾ വൈരപ്പൊടി വീണപോലെ തിളങ്ങുന്നത് റിയർവ്യൂ മിററിലൂടെ കാണുകയുണ്ടായില്ല...

തുടരും ...